www.ranjithkumarak.blogspot.in
************************
മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എച്ച്.എസ്.എമാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ അധ്യാപകര്‍ നിശ്ചിത ഫോര്‍മാറ്റിലുളള അപേക്ഷകള്‍ ഫെബ്രുവരി 20ന് മുമ്പ് പ്രഥമാധ്യാപകര്‍ക്ക് അപേക്ഷ നല്‍കണം. ഫെബ്രുവരി 21 മുതല്‍ പ്രഥാമാധ്യാപകര്‍ക്ക് iExaMS ല്‍ HM Login വഴി അപേക്ഷകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ അപേക്ഷകളും സമര്‍പ്പിച്ചശേഷം Confirm Button ല്‍ Click ചെയ്ത് അപേക്ഷകര്‍ സമര്‍പ്പണം പൂര്‍ത്തീകരിക്കണം. അവസാന തീയതി ഫെബ്രുവരി 28. മാര്‍ച്ച് അഞ്ച് മുതല്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യാം.Dt.16.2.2018.
************************
2018 മാര്‍ച്ച് എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും. പരീക്ഷ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ഐ എക്‌സാംസ് (iExaMS) HM, SUPDNT/PRINCIPAL ലോഗിനില്‍ ലഭ്യമാണ്. മുന്‍കൊല്ലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാര്‍ത്ഥിയുടെ പ്രാദേശിക ഭാഷയിലുള്ള പേരും നിരന്തരമൂല്യ നിര്‍ണയമാര്‍ക്കും ഉള്‍പ്പെടുത്തിയാണ് ഹാള്‍ടിക്കറ്റ് തയാറാക്കിയിട്ടുള്ളത്. ഫെബ്രുവരി 21 ന് മുമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യണമെന്ന് പരീക്ഷ ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. Dt.16.2.2018.
************************
സ്‌കോള്‍ കേരള മുഖേന 2017-19 ബാച്ചിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്ത എന്‍.ഐ.ഒ.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പ്രത്യേക അവസരം നല്‍കുന്നു. നേരത്തേ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പട്ടികയും മാര്‍ഗനിര്‍ദ്ദേശങ്ങളും www.scolekerala.org ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം ഫെബ്രുവരി 19, 20, 21 തീയതികളില്‍ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം നേടാം. വിശദവിവരങ്ങള്‍ക്ക് 0471 - 2342950, 2342369.Dt.16.2.2018.
************************
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയില്‍, ജില്ലാ സംസ്ഥാനണ്ടതലത്തില്‍ മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങള്‍ക്ക് അവാര്‍ഡ് നല്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും സംസ്ഥാനതലത്തില്‍ യഥാക്രമം 50,000, 30,000, 20,000 രൂപ വീതവും സമ്മാനമായി നല്കും. അവാര്‍ഡിന് പരിഗണിക്കേണ്ട മാനദണ്ഡണ്ടങ്ങളും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 2018 മാര്‍ച്ച് 3 ന് മുമ്പായി അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭ്യമാക്കണം.Dt.16.2.2018.
************************
എം.ടി എഴുതിയ പ്രതിജ്ഞ വിദ്യാലയങ്ങളില്‍ വായിക്കും എം.ടി വാസുദേവന്‍നായര്‍ തയ്യാറാക്കിയ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്‌കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവായി. ' മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ് എന്റെ ആകാശമാണ് ഞാന്‍ കാണുന്ന നക്ഷത്രമാണ് എന്നെ തഴുകുന്ന കാറ്റാണ് എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെളളമാണ് എന്റെ അമ്മയുടെ തലോടലും ശാസനയുമാണ് ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാന്‍ തന്നെയാണ് ' എന്നതാണ് പ്രതിജ്ഞ. ലോക മാതൃഭാഷാദിനമായ 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രതിജ്ഞ ചൊല്ലും.Dt.16.2.2018.
************************
പരിസ്ഥിതിയും ജലാശയങ്ങളും സംരക്ഷിച്ച് പുതിയ കേരളം സൃഷ്ടിക്കുന്നതിന് വരും തലമുറയെ ഉദ്ബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച കത്തിനുള്ള മറുപടി കത്തയച്ച വിദ്യാര്‍ത്ഥികളിലെ വിജയികളെ പ്രഖ്യാപിച്ചു. എല്‍. പി, യു. പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം പതിനായിരം, ഏഴായിരം, അയ്യായിരം രൂപയും പ്രോത്‌സാഹന സമ്മാനത്തിന് അര്‍ഹരായവര്‍ക്ക് 2500 രൂപയുമാണ് പാരിതോഷികം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സുബിന എം ഒന്നാം സ്ഥാനവും കോട്ടയം ചിങ്ങവനം എന്‍. എസ്. എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥി ജോഷ്വാ ഡെവിന്‍സ് രണ്ടാം സ്ഥാനവും കോട്ടയം മലകുന്നം ഇത്തിത്താനം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥി അനുപമ പി. എം മൂന്നാം സ്ഥാനവും നേടി. മൂന്നു പേര്‍ക്ക് പ്രോത്‌സാഹന സമ്മാനവുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പാലക്കാട് പട്ടാമ്പി കൊപ്പം ജി. വി. എച്ച്. എസ്. എസിലെ എട്ട് സിയിലെ നൈന ഫെബിന്‍ ഒന്നാം സ്ഥാനവും കണ്ണൂര്‍ കരിവെള്ളൂര്‍ എ. വി. എസ്. ജി. എച്ച്. എസ്. എസിലെ എട്ട് എയിലെ മിഴി വി. പി രണ്ടാം സ്ഥാനവും കണ്ണൂര്‍ പത്തായകുന്ന് ജി. എച്ച്. എസ്. എസിലെ എസ്. എട്ട് സിയിലെ അമല്‍ കിഷോര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഈ വിഭാഗത്തില്‍ 18 പേര്‍ക്ക് പ്രോത്‌സാഹന സമ്മാനമുണ്ട്. യു. പി. വിഭാഗത്തില്‍ ഇടുക്കി കരുണപുരം കൂട്ടാര്‍ എന്‍. എസ്. എസ്. എച്ച്. എസ്. എസിലെ ആറ് എയിലെ കാര്‍ത്തിക് കൃഷ്ണ ഒന്നാമതും തിരുവനന്തപുരം ഊരൂട്ടമ്പലം യു. പി. എസ്. മുല്ലപ്പള്ളിക്കോണത്തെ അഞ്ചാം ക്‌ളാസിലെ ആര്യ കൃഷ്ണ എ. ആര്‍. രണ്ടാമതും കാസര്‍കോട് ചെമ്മനാട് വെസ്റ്റ് ഗവ. യു. പി. എസിലെ അഞ്ച് ബിയിലെ അഖില്‍ നമ്പ്യാര്‍ മൂന്നാമതുമെത്തി. ഈ വിഭാഗത്തില്‍ എട്ടു പേര്‍ പ്രോത്‌സാഹന സമ്മാനത്തിന് അര്‍ഹരായി. എല്‍. പി. വിഭാഗത്തില്‍ നെയ്യാറ്റിന്‍കര മര്യാപുരം ഉദിയന്‍കുളങ്ങര ആര്‍. സി. എല്‍. ആര്‍. എസിലെ മൂന്ന് എയിലെ മാധവ് കൃഷ്ണ എസ്. എ ഒന്നാം സ്ഥാനവും പാലക്കാട് പുതുനഗരം ജി. എല്‍. പി സെന്‍ട്രല്‍ സ്‌കൂളിലെ ഒന്നാം ക്‌ളാസിലെ ഫൈസാള്‍ ബിന്‍ ഫിറോസ് രണ്ടാം സ്ഥാനവും ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ ഗവ. യു. പി. എസിലെ മൂന്നാം ക്‌ളാസിലെ ജെഫിന്‍ ജോസ് ജോയി മൂന്നാം സ്ഥാനവും നേടി. ഒന്‍പത് പേര്‍ പ്രോത്‌സാഹന സമ്മാനത്തിനും അര്‍ഹരായിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറാണ് സമ്മാനാര്‍ഹരെ പ്രഖ്യാപിച്ചത്. 17ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഗേള്‍ഡ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പോടു കൂടിയ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരങ്ങളും വിതരണം ചെയ്യും. പതിനാലു ജില്ലകളില്‍ നിന്നായി പതിനായിരത്തിലധികം കത്തുകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. Dt.15.2.2018.
************************
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി 2015-2016, 2016-2017 അധ്യയന വര്‍ഷത്തില്‍ അപേക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രിന്റ് ഔട്ട് നല്‍കാത്തവര്‍ സ്ഥാപനമേധാവിയുടെ ഒപ്പും സീലും സഹിതം 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ പൂജപ്പുരയിലെ ഓഫീസിലെത്തുകയോ snehapoorvamonline@gmail.com ല്‍ അയയ്ക്കുകയോ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 -120-1001.Dt.15.2.2018.
************************
നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.എഫ്.ഡി.സി.) നിര്‍മ്മിച്ച 100 ലോകോത്തര ക്ലാസിക് സിനിമകള്‍ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 15) നടക്കും. എല്ലാ ശനിയാഴ്ചകളിലും രാത്രി 9.15 നും ഞായറാഴ്ച്ചകളില്‍ രാവിലെ 9.15നും കൈറ്റ് വിക്ടേഴ്‌സില്‍ മലയാളം സബ്‌ടൈറ്റിലുകളോടെ സിനിമകള്‍ സംപ്രേഷണം ചെയ്യും. കേതന്‍ മേത്ത സംവിധാനം ചെയ്ത 'മിര്‍ച്ച് മസാല', കുന്ദന്‍ഷായുടെ 'ജാനേഭി ദോ യാരോ', മീരാ നായരുടെ 'സലാം ബോംബെ', ശ്യാം ബനഗലിന്റെ 'മേക്കിങ്ങ് ഓഫ് മഹാത്മ', കുമാര്‍ സാഹ്നിയുടെ 'ചാര്‍ അദ്ധ്യായ്', പമീല റൂക്‌സിന്റെ 'ട്രെയിന്‍ ടു പാക്കിസ്ഥാന്‍', ജി.വി. അയ്യരുടെ 'ആദിശങ്കരാചാര്യ', മണികൗളിന്റെ 'നസര്‍', മായ അമോല്‍ പലേക്കറിന്റെ 'ബന്‍ഗര്‍വാടി', കെ.എന്‍.ടി ശാസ്ത്രിയുടെ 'തിലദാനം', ഗോവിന്ദ് നിലഹാനിയുടെ 'സംശോധന്‍', അരിബാംശ്യാം ശര്‍മ്മയുടെ 'സനാബി' എന്നിങ്ങനെ 100 ചിത്രങ്ങളാണ് കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്നത്. ഓരോ സിനിമയ്ക്ക് മുമ്പും അതിന്റെ പ്രത്യേകതകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ലഘു അവതരണം ഉണ്ടാവും. 100 ക്ലാസിക് ഫിലിമുകളില്‍ തിരഞ്ഞെടുത്ത ഫിലിമുകള്‍ അവധിക്കാലത്ത് വി.എഫ്.എഫ്.കെ (വിക്ടേഴ്‌സ് ഫിലിം ഫെസ്റ്റിവെല്‍ ഓഫ് കേരള) എന്ന പേരില്‍ എല്ലാ സ്‌കൂളുകളിലും 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കാനും കൈറ്റ് സൗകര്യമൊരുക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ സിനിമകളെക്കുറിച്ചുള്ള മികച്ച ആസ്വാദനം തയ്യാറാക്കുന്ന കുട്ടികള്‍ക്ക് എല്ലാ മാസവും സമ്മാനങ്ങള്‍ നല്‍കും. നേരത്തെ 2009-ല്‍ വിക്ടേഴ്‌സില്‍ ക്ലാസിക് സിനിമകള്‍ സംപ്രേഷണം ചെയ്തതതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൈറ്റ് വിക്ടേഴ്‌സില്‍ പുതുതായി ആരംഭിക്കുന്ന എട്ടു പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. പൊതുവിജ്ഞാനം അവതരിപ്പിക്കുന്ന 'വിജ്ഞാനധാര', ഇംഗ്ലീഷില്‍ ലളിത ആശയ വിനിമയം സാധ്യമാക്കുന്ന 'വിക്കി & വിന്നി', സ്‌കൂള്‍ കലോത്സവ മെഗാഷോ 'വിക്ടേഴ്‌സ് പൂരം', ശാസ്ത്രവും പരീക്ഷണവും, എങ്ങിനെ എങ്ങിനെ എങ്ങിനെ, ദൃശ്യം, ഭൗതിക കൗതുകം, ബാലകവിതകള്‍ എന്നിവയാണ് പരിപാടികള്‍. ഫെബ്രുവരി 15 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.Dt.14.2.2018.
************************
2017 ഒക്ടോബറിലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവ നടത്തുന്നതിനും ഫോട്ടോ കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുളള അപേക്ഷകള്‍, ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകളിലെ പ്രിന്‍സിപ്പാളിന് 28നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയം പേപ്പര്‍ ഒന്നിന് 600 രൂപയും ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 200 രൂപയുമാണ് ഫീസ്. അപേക്ഷാഫോറം ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭ്യമാണ്. പരീക്ഷാ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് മാര്‍ച്ച് 3നകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഫീസ് ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ ശേഖരിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്തെ ശാന്തിനഗര്‍ എസ്.ബി.ഐ ബ്രാഞ്ചില്‍ മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി സമര്‍പ്പിക്കണം. Dt.12.2.2018.
************************
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍, മെമ്മോകള്‍, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും, നിയമന ഉത്തരവുകളും ഉള്‍പ്പെടെയുള്ള സര്‍വീസ് സംബന്ധിച്ച വിഷയങ്ങള്‍ പൂര്‍ണമായും മലയാളത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ച് ഉത്തരവായി. മലയാളം ഭരണഭാഷയായി ഉപയോഗിക്കുന്നതിന്റെ പുരോഗതി അവലോകനത്തിനുള്ള സംസ്ഥാനസമിതിയോഗത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ/സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരെ സംബന്ധിക്കുന്ന വിഷയങ്ങള്‍ക്ക് ഉത്തരവ് ബാധകമാണ്. (സ.ഉ.(അച്ചടി)നമ്പര്‍.2/2018/ഉ ഭ പ വ)Dt.8.2.2018.
************************
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2017-18 ലെ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ 100 വിദ്യാര്‍ത്ഥികളുടെ താല്‍ക്കാലിക റാങ്ക്‌ലിസ്റ്റ് www.kscste.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ എല്ലാ വിഷയങ്ങര്‍ക്കും 100 ശതമാനം മാര്‍ക്ക് നേടിയ 17 വിദ്യാര്‍ത്ഥികളാണ് ആദ്യത്തെ 17 റാങ്കുകള്‍ കരസ്ഥമാക്കിയിരിക്കുന്നത്. 33 വിദ്യാര്‍ത്ഥികള്‍ ശാസ്ത്ര വിഷയങ്ങളില്‍ 100 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ട്. താല്‍ക്കാലിക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അനുബന്ധ രേഖകള്‍ ഫെബ്രുവരി 19 ന് മുമ്പ് ഹാജരാക്കണം. സ്റ്റേറ്റ്, സി.ബി.എസ്.ഇ പരീക്ഷ ബോര്‍ഡുകളില്‍ നിന്നും യഥാക്രമം ശാസ്ത്ര വിഷയങ്ങള്‍ക്ക് 99.125 ശതമാനം, 97.25 ശതമാനം മാര്‍ക്കുകള്‍ക്ക് മുകളില്‍ നേടിയവരാണ് 2017-18 ലെ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.Dt.8.2.2018.
************************
2017 മാര്‍ച്ചില്‍ നടത്തിയ യു.എസ്.എസ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൈപ്പറ്റി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വിതരണം ചെയ്യണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.Dt.8.2.2018.
************************
2017 ആഗസ്റ്റില്‍ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തി യായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.Dt.8.2.2018.
************************
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 -25 വയസ്സ് പ്രായപരിധിയില്‍പ്പെടുന്നവര്‍ക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു തൊഴില്‍ നൈപുണ്യ കോഴ്‌സ് തിരഞ്ഞെടുക്കാം. തൊഴില്‍ സാധ്യതയുള്ള നിരവധി തൊഴില്‍മേഖലകളില്‍ നിന്നുള്ള കോഴ്‌സുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്‌സില്‍ തൊഴില്‍ നൈപുണ്യം ആര്‍ജ്ജിക്കുന്നതിനുതകുന്ന പ്രാക്ടിക്കല്‍, ഇന്റേണ്‍ഷിപ്പ് എന്നിവയും ഉള്‍പ്പെടും. താല്പര്യമുള്ളവര്‍ www.asapkerala.gov.in/sss ല്‍ ഫെബ്രുവരി എട്ടിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0471 - 2772500/9497469712.Dt.5.2.2018.
************************
2017 ഒക്‌ടോബറില്‍ നടത്തിയ ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യതാ പരീക്ഷാ ഫലം ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് മൂന്നുമണിയ്ക്ക് പ്രസിദ്ധീകരിക്കും. www.results.kerala.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കുമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്‌സാമിനേഷന്‍സ് സെക്രട്ടറി അറിയിച്ചു.Dt.3.2.2018.
************************
പൊതുവിദ്യാഭ്യാസ വകുപ്പിലെ പഞ്ചായത്ത് ഹെഡ്മാസ്റ്റര്‍മാരുടെ 2012 ഒക്ടോബര്‍ 16 മുതല്‍ 2017 ഡിസംബര്‍ 31 വരെയുള്ള താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആക്ഷേപം ഉള്ളവര്‍ 10 ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം.Dt.3.2.2018.
************************
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിര്‍മ്മാണം, പഠന യാത്രകള്‍, ഹെറിറ്റേജ് സര്‍വ്വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് 20,000 രൂപ (ഇരുപതിനായിരം രൂപാ മാത്രം) വീതം നല്‍കും. അപേക്ഷകരില്‍ നിന്നും ലഭിക്കുന്ന ഏറ്റവും മികച്ച പദ്ധതിക്കായിരിക്കും ഗ്രാന്റ് നല്‍കുക. അപേക്ഷകള്‍ ഫെബ്രുവരി 20നു മുമ്പായി ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, കവടിയാര്‍ പി.ഒ., എന്ന വിലാസത്തിലോ keralaarchives@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം. ഫോണ്‍ : 0471 - 2311547, 9447610302.Dt.3.2.2018.
************************
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ 14 റവന്യൂ ജില്ലകളിലുമുള്ള വിവിധ സെന്ററുകളിലായി ഇന്ന് (ഫെബ്രുവരി മൂന്ന്) നടത്താനിരുന്ന ജെ.ആര്‍.സി സി-ലെവല്‍ പരീക്ഷ മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.Dt.2.2.2018.
************************
സംസ്ഥാനതല ഇന്‍സ്പയര്‍ അവാര്‍ഡ് എക്‌സിബിഷന്‍ ഏഴിന് തിരുവനന്തപുരം തൈക്കാട് ഗവ.മോഡല്‍ എല്‍.പി.സ്‌കൂളില്‍ സംഘടിപ്പിക്കും. രാവിലെ 8.30 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികള്‍ കൃത്യസമയത്ത് എത്തുന്നതിനുള്ള അറിയിപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.Dt.2.2.2018.
************************
മാര്‍ച്ച് 12 ന് സര്‍ക്കാര്‍ നിയന്ത്രിത അവധിയായതിനാല്‍ അന്നത്തെ പരീക്ഷകള്‍ മാറ്റിവെച്ചതിന്റെ അടിസ്ഥാനത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മാര്‍ച്ച് 2018 ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ തിയറി പൊതുപരീക്ഷയുടെ ടൈംടേബിള്‍ പുനക്രമീകരിച്ചു. രാവിലെ 10 മുതലാണ് പരീക്ഷ. പുതുക്കിയ ടൈം ടേബിള്‍ ചുവടെ: ഏഴിന് ഒന്നാം വര്‍ഷം ഹിസ്റ്ററി രണ്ടാം വര്‍ഷം ബയോളജി/ബിസിനസ് സ്റ്റഡീസ്, എട്ടിന് ഒന്നാംവര്‍ഷം ബയോളജി/ബിസിനസ് സ്റ്റഡീസ് രണ്ടാം വര്‍ഷം ഹിസ്റ്ററി, 13 ന് ഒന്നാംവര്‍ഷം വൊക്കേഷണല്‍ തിയറി രണ്ടാംവര്‍ഷം മാത്തമാറ്റിക്‌സ്, 15 ന് ഒന്നാം വര്‍ഷം ജിയോഗ്രാഫി രണ്ടാം വര്‍ഷം അക്കൗണ്ടന്‍സി/കെമിസ്ട്രി, 17 ന് ഒന്നാം വര്‍ഷം എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ ്, 19 ന് ഒന്നാം വര്‍ഷം ഇക്കണോമിക്‌സ്/മാനേജ്‌മെന്റ് രണ്ടാം വര്‍ഷം ഇംഗ്ലീഷ്, 20 ന് ഒന്നാം വര്‍ഷം ഫിസിക്‌സ്, 21 ന് രണ്ടാംവര്‍ഷം ഫിസിക്‌സ്, 22 ന് ഒന്നാം വര്‍ഷം ഇംഗ്ലീഷ് രണ്ടാം വര്‍ഷം ഇക്കണോമിക്‌സ്/മാനേജ്‌മെന്റ്, 26 ന് ഒന്നാം വര്‍ഷം മാത്തമാറ്റിക്‌സ് രണ്ടാം വര്‍ഷം വൊക്കേഷണല്‍ തിയറി, 27 ന് രണ്ടാം വര്‍ഷം എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്/ജി.എഫ്.സി, 28 ന് ഒന്നാം വര്‍ഷം അക്കൗണ്ടന്‍സി/കെമിസ്ട്രി രണ്ടാം വര്‍ഷം ജിയോഗ്രാഫി. ഒന്നാം വര്‍ഷത്തെ രണ്ടാം മോഡ്യൂള്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ ഏഴ് മുതലും രണ്ടാം വര്‍ഷത്തെ മോഡ്യൂള്‍ പ്രായോഗിക പരീക്ഷകളും നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകളും 12 മുതല്‍ 28 വരെയും നടത്തും. പുതുക്കിയ ടൈം ടേബിള്‍ പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ത്ഥികളെ അറിയിക്കണം.Dt.2.2.2018.
************************
സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ മലോത്ത്, പനത്തടി, കള്ളാര്‍, പരപ്പ, കോടോത്ത്, തായന്നൂര്‍, കിനാനൂര്‍, കരിന്തളം, ബേളൂര്‍ വില്ലേജുകള്‍ മലയോരം എന്ന നിര്‍വചനത്തില്‍പ്പെടുത്തി ഉത്തരവായി. മലയോര, റിമോട്ട് പ്രദേശങ്ങളില്‍ ജോലി നോക്കിയവര്‍ക്ക് സേവനകാലം കണക്കാക്കുന്നതു സംബന്ധിച്ചും മലയോര, റിമോട്ട്, ദുര്‍ഘടംപിടിച്ച ജോലി എന്നീ പദങ്ങള്‍ നിര്‍വചിക്കുന്നതിന്റെ ഭാഗമായാണിത്.Dt.31.1.2018.
************************
അതത് ജില്ലകളില്‍ നിലവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനത്തിന് ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ചുരുങ്ങിയത് 10 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. അപേക്ഷയോടൊപ്പം വ്യക്തിപരമായ വിവരങ്ങള്‍, സര്‍വീസ് സംബന്ധമായ വിവരങ്ങള്‍, കരിക്കുലം വികസനം, അധ്യാപക പരിശീലനം തുടങ്ങി ഇടപെട്ടിട്ടുള്ള അക്കാദമിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, സ്‌കൂള്‍ തലം മുതല്‍ മുകളിലോട്ട് വിവിധ തലങ്ങളില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍, കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസം, വികസനം തുടങ്ങിയ ക്യാമ്പെയിനുകളില്‍ പങ്കാളികളാണെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയുള്ള ബയോഡേറ്റയാണ് അയയ്‌ക്കേണ്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഓഫീസ് നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം. അയയ്‌ക്കേണ്ട വിലാസം സി.ഇ.ഒ., പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഓഫീസ്, അനക്‌സ് 2, റൂം നമ്പര്‍ 486, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. keralaeducationmission@gmail.com.Dt.31.1.2018.
************************
ഫെബ്രുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ സമര്‍പ്പണം, ഫെബ്രുവരി 12 ലേക്ക് മാറ്റി.Dt.30.1.2018.
************************
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിന്റെ പരിധിയിലുളള തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് & ഗാര്‍മെന്റ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, സെറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും വിരമിച്ചവരും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി മൂന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം.Dt.30.1.2018.
************************
എഡ്യൂസാറ്റ് പ്രോജക്ടിന്റെ 2017-18 വര്‍ഷത്തെ സംരംഭമായ ബിയോണ്ട് സിലബിയുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് വൈകിട്ട് 3.30 ന് തിരുവനന്തപുരം സംസ്‌കൃത കോളേജ് വകുപ്പിലെ എഡ്യുസാറ്റ് സംസ്ഥാന സ്റ്റുഡിയോ (മേഘനാഥ് സാഹാ സെന്റര്‍ ഫോര്‍ വീഡിയോ കണ്ടെന്റ് ഡെവലപ്‌മെന്റ്) ല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് കേരളത്തിലെ എല്ലാ ഗവണ്‍മെന്റ് കോളേജുകളിലെയും വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകൊണ്ട് നിര്‍വ്വഹിക്കും. ഇതിന്റെ തത്സമയ സംപ്രേഷണം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ www.promelavya.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച വിദ്യാഭ്യാസ വിചക്ഷണരുടെയും സാങ്കേതിക വ്യവസായിക മേഖലയിലുള്ള വിദഗ്ധരുടെയും അറിവ് കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് ലഭ്യമാക്കാനും അവരുമായി സംവാദം സാധ്യമാക്കുന്നതിനുമാണ് ബിയോണ്ട് സിലബി ലക്ഷ്യമിടുന്നത്.Dt.29.1.2018.
************************
സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ നിലനിന്നിരുന്ന സ്‌കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അധ്യാപക/പ്രൈമറി വിഭാഗം അധ്യാപകര്‍/പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍ എന്നിവരില്‍ നിന്നും 2018-19 വര്‍ഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസുകളില്‍ 2018 ഫേബ്രുവരി 12 വൈകിട്ട് അഞ്ചു മണിക്കു മുമ്പായി ഉചിതമാര്‍ഗ്ഗേന എത്തിക്കണം. വിശദാംശങ്ങള്‍ www.transferandposting .in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.Dt.29.1.2018.
************************
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി ആരംഭിച്ച് ആദ്യ ആഴ്ചയില്‍ 7000 ക്ലാസ്മുറികളിലേക്കുളള ലാപ്ടോപ്പുകളുടേയും പ്രൊജക്ടറുകളുടേയും വിതരണം പൂര്‍ത്തിയായി. ആദ്യ ഘട്ടത്തില്‍ 22618 ക്ലാസ്മുറികളിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ വിതരണം ഫെബ്രുവരി മാസത്തോടെ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാംഘട്ടത്തിലുള്ള ഉപകരണങ്ങളുടെ 31 ശതമാനവും വിതരണം ചെയ്തതായി കൈറ്റ് വൈസ്‌ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം നടക്കുന്നത്. സ്‌കൂളുകള്‍ ക്ലാസ്മുറികള്‍ സജ്ജമാക്കുന്നതനുസരിച്ചുള്ള മുന്‍ഗണനാക്രമത്തിലാണ് ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്. വിതരണത്തിന്റെ ഓരോ ഘട്ടവും ലളിതവും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വിതരണം മാര്‍ച്ചിലും മൂന്നാംഘട്ട വിതരണം ഏപ്രിലിലും നടക്കും. അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് മുഴുവന്‍ ക്ലാസ്മുറികളും പൂര്‍ണമായും ഹൈടെക്കാക്കുമെന്ന് അന്‍വര്‍ സാദത്ത് അറിയിച്ചു.Dt.28.1.2018.
************************
സ്‌കോള്‍ കേരള മുഖാന്തരം ഹയര്‍ സെക്കണ്ടറി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നേടിയ 2016-2018 ബാച്ച് രണ്ടാം വര്‍ഷത്തേയും 2017-19 ബാച്ച് ഒന്നാം വര്‍ഷത്തേയും വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചതിനുള്ള പ്രതിഫലം അനുവദിക്കുന്നതിനായി രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്ത സ്‌കൂളുകള്‍ ഫെബ്രുവരി മൂന്നിനകം സ്‌കോള്‍ കേരളയുടെ അതത് ജില്ലാ കേന്ദ്രത്തിലോ സംസ്ഥാന ഓഫീസിലോ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.Dt.27.1.2018.
************************
ഭൂവിഭവ സംരക്ഷണ, ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള തളിര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. 2018 ഫെബ്രുവരി മൂന്നിന് എറണാകുളം നേതാജി സുഭാഷ്ചന്ദ്രബോസ് പാര്‍ക്കില്‍ നടത്തുന്ന മത്സരത്തില്‍ എല്‍.പി/യു.പി/ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി മൂന്നിന് രാവിലെ ഒന്‍പതിന് നേതാജി സുഭാഷ്ചന്ദ്രബോസ് പാര്‍ക്കില്‍ എത്തിച്ചേരണം, മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും, ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും കൊണ്ടുവരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിംഗ് പേപ്പര്‍ രജിസ്‌ട്രേഷനുശേഷം നല്‍കും. എല്‍.പി വിഭാഗത്തിന് ക്രയോണ്‍, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ട സാമഗ്രികള്‍. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂള്‍ അധികൃതര്‍ മുഖേനയോ നേരിട്ടോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിലാസം: ഭൂവിനിയോഗ കമ്മീഷണര്‍, കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്, വികാസ് ഭവന്‍, തിരുവനന്തപുരം - 695 033, ഫോണ്‍ : 0471-2302231, 2307830, മൊബൈല്‍ : 8138849999. വിശദവിവരങ്ങള്‍ : www.kslub.kerala.gov.in , landuseboard@yahoo.com എന്നിവയില്‍ ലഭ്യമാണ്.Dt.27.1.2018.
************************
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് വീരമൃത്യുവരിച്ചവരെ അനുസ്മരിക്കാന്‍ ജനുവരി 30 രാവിലെ 11 മുതല്‍ രണ്ട് മിനിറ്റ് മൗനം ആചരിക്കുന്നതിന് എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.Dt.24.1.2018.
************************
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ വിവിധ സ്‌കൂളുകളില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിനര്‍ഹമായ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹസംഗമം എന്ന പേരില്‍ രണ്ട് ദിവസത്തെ ജീവിത നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിക്കും. രണ്ടു ദിവസത്തെ ഈ റസിഡന്‍ഷ്യല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരു വിവരം ഓണ്‍ലൈനായി ജനുവരി 30 നകം www.socialsecuritymission.gov.in ല്‍ അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 18001201001 ല്‍ ബന്ധപ്പെടണം.Dt.24.1.2018.
************************
ഫെബ്രുവരി നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.എസ്.എസ്., യു.എസ്.എസ് പരീക്ഷ ഫെബ്രുവരി 24 ലേയ്ക്ക് മാറ്റി. പരീക്ഷാ സമയത്തില്‍ മാറ്റമില്ല. എല്‍.എസ്.എസ്., യു.എസ്.എസ് മാതൃകാ ചോദ്യപേപ്പറുകള്‍ www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു.Dt.24.1.2018.
************************
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഈ വര്‍ഷം 201 അധ്യയന ദിനങ്ങള്‍ തികയ്ക്കും. മുന്‍വര്‍ഷങ്ങളില്‍ 180 ല്‍ താഴെ അധ്യയന ദിനങ്ങളെ ലഭിച്ചിരുന്നുള്ളൂ. ഈ വര്‍ഷം ആദ്യ രണ്ടു ടേമുകളിലായി 135 അധ്യയന ദിനങ്ങളേ ലഭിച്ചു. മൂന്നാം ടേമില്‍ 66 ദിവസങ്ങള്‍ അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തി. ഹര്‍ത്താലിനെ തുടര്‍ന്ന് നഷ്ടമായ അധ്യയന ദിനങ്ങള്‍ക്കു പകരം മൂന്നാം ടേമില്‍ നാല് ദിവസങ്ങള്‍ കൂടി അധ്യയന ദിനങ്ങളായി ഉള്‍പ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.Dt.23.1.2018.
************************
പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പിന്തുണയുണ്ടാവണമെന്നും പരന്ന വായനയും വരികള്‍ക്കപ്പുറത്തുള്ള അറിവും മത്സര പരീക്ഷകള്‍ക്ക് അനിവാര്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലപ്പുറം ജില്ലയിലെ അരീക്കോട് സുല്ല മുസ്സലാം ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സിവില്‍ സര്‍വീസ് പരിശീലനപദ്ധതിയായ ആസ്‌പെയര്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയിലൂടെ സാധ്യമാണെന്നും വിവരം വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന ഇക്കാലത്ത് ക്ലാസ്‌റൂമുകളില്‍ ഇതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. Dt.23.1.2018.
************************
2017-18 അദ്ധ്യയന വര്‍ഷം മുതല്‍ എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക യഥാക്രമം 1,000, 1,500 രൂപയാക്കി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. നേരത്തെയിത് യഥാക്രമം 200, 300 രൂപയായിരുന്നു.Dt.23.1.2018.
************************
കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ലാപ്‌ടോപ്പ് പദ്ധതിയിലേക്ക് സമര്‍പ്പിക്കപ്പെട്ടവയില്‍ പരിഗണനാര്‍ഹമായ അപേക്ഷകരുടെ ലിസ്റ്റും ലഭ്യമാക്കേണ്ട രേഖകളുടെ വിവരങ്ങളും കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ (www.hpwc.kerala.gov.in) പ്രസിദ്ധീകരിച്ചു. ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ kshpwc2017@gmail.com എന്ന മെയിലിലേക്കും ഹെഡ് ഓഫീസിലേക്ക് തപാല്‍ വഴിയും അടിയന്തരമായി അയയ്ക്കണം. ഫോണ്‍: 0471-2347768, 2347153, 2347156, 2347152, 9544286928.Dt.22.1.2018.
************************
ജനുവരി 24 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പത്താംതരം തുല്യതാ സേ പരീക്ഷ അന്ന് വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനുവരി 31 ലേക്ക് മാറ്റിയതായി പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.Dt.22.1.2018.
************************
റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്‌കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ അറിയിച്ചു. ആഘോഷ പരിപാടികളില്‍ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ വകുപ്പ്/സ്ഥാപനമേധാവികള്‍ നടപടി സ്വീകരിക്കണം. തലസ്ഥാനത്ത് രാവിലെ 8.30 ന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സായുധസേനാ പരേഡും ദേശീയ ഗാനാലാപനവും കര-വ്യോമ-പോലീസ് സേനാംഗങ്ങള്‍, സൈനിക സ്‌കൂള്‍, എന്‍.സി.സി., സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഗാര്‍ഡ് ഓഫ് ഓണറും നടക്കും. ഇതേസമയം തന്നെ ജില്ലാ ആസ്ഥാനങ്ങളിലും ദിനാചരണം സംഘടിപ്പിക്കും. ബന്ധപ്പെട്ട സംസ്ഥാന മന്ത്രിമാര്‍ ഓരോ ജില്ലയിലും ദേശീയ പതാക ഉയര്‍ത്തും. ഉപജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ ദേശീയ പതാക ഉയര്‍ത്തും. പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ്/മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍/മേയര്‍ എന്നിവരും സര്‍ക്കാര്‍ ഓഫീസുകള്‍/സ്‌കൂളുകള്‍/കോളേജുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വകുപ്പ്/ഓഫീസ് മേധാവികളും ദേശീയ പതാക ഉയര്‍ത്തും.ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയ ഗാനാലാപനം, പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തണം. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും അറ്റന്‍ഷനായി നില്‍ക്കണം. യൂണിഫോം ധരിച്ച എല്ലാ ഉദ്യോഗസ്ഥരും ദേശീയ പതാകയെ സല്യൂട്ട് ചെയ്യണം. റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണമെന്നും പ്ലാസ്റ്റിക്കുകൊണ്ടുള്ള ദേശീയ പതാക നിര്‍മിക്കുകയോ വില്‍ക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.Dt.22.1.2018.
************************
സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് പദ്ധതിയുടെ പൈലറ്റ് പൂര്‍ത്തീകരണവും 45,000 ക്‌ളാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റേയും ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്‌ളബുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭമായി ഐ.ടി@സ്‌കൂള്‍ മാറിയിരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ യു.പി., എല്‍.പി സ്‌കൂളുകളിലും സാങ്കേതിക വിദ്യാഭ്യാസാധിഷ്ഠിത പഠനത്തിന് തുടക്കം കുറിയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കുട്ടികളെ പ്രാപ്തമാക്കും. ഭാവിതലമുറയുടെ സാങ്കേതിക മികവ് വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും. സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന യുവതലമുറയുള്‍ക്കൊള്ളുന്ന ഒരു സമൂഹം ആഗ്രഹിക്കുന്ന എല്ലാവരും ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകളെ സഹായിക്കാന്‍ സന്നദ്ധമാകണം. സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസം വ്യാപകമാക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട്.കാലത്തിനനുസരിച്ച് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കുന്നത്. ഓരോ കുട്ടിയും മികച്ച നിലവാരം നേടുമെന്ന് ഉറപ്പു വരുത്തുംവിധമാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്. സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കാനാവുമെന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രത്യേകത. വിപുലമായ ജനപങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ലോകത്തെവിടെയുമുള്ള മികച്ച വിദ്യാഭ്യാസം കേരളത്തിലെ പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിക്ക് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ വിതരണവും ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. 2019 മാര്‍ച്ച് 31 ഓടെ കേരളത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കായി മാറുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കേരളത്തിലെ കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ പഠന രീതി മനസിലാക്കുന്നതിന് രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അറിവിന്റെ സമ്പത്ത് സൃഷ്ടിക്കുന്നതിലാണ് നാളത്തെ കേരളത്തിന്റെ സാധ്യതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏറ്റവുമധികം മാറ്റം വരാന്‍ പോകുന്നത് വിദ്യാഭ്യാസ മേഖലയിലാവും. പുതിയ പഠന രീതി കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് മനസിലാക്കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകളുടെ മാതൃകയില്‍ അധ്യാപക ക്ലബുകളും ഉണ്ടാവണം. സംസ്ഥാനവ്യാപകമായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കുമ്പോള്‍ പ്രാദേശിക ആശയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കൈറ്റ് തയ്യാറാക്കിയ സി.ഡി മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സി. ഇ.ഒ ഡോ. പി.കെ. ജയശ്രീ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫ. എ. ഫാറൂക്ക്, കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. Dt.22.1.2018.
************************
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ കീഴില്‍ വിവിധ സ്ഥലങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 25 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2018 -19 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേയ്ക്കുളള വിദ്യാര്‍ത്ഥികളുടെ പ്രവവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഫെബ്രുവരി 24ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവുളളതോ ആയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേയ്ക്കും മറ്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. ഇതു സംബന്ധിക്കുന്ന വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ പട്ടിക വര്‍ഗ വികസന ഓഫീസുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം.Dt.16.1.2018.
************************
സംസ്ഥാനത്തെ 4775 സ്‌കൂളുകളിലായി 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷനും (കൈറ്റ്) സ്‌കൂളുകളും തമ്മില്‍ ധാരണാപത്രം ഒപ്പിടണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്‌കൂളുകളില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുക, പരാതികള്‍ പരിഹരിക്കാനുള്ള വെബ്‌പോര്‍ട്ടല്‍, കോള്‍സെന്റര്‍ എന്നില ലഭ്യമാക്കുക, ക്ലാസ്മുറികളെ നെറ്റ്‌വര്‍ക്ക് ചെയ്യുക, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക തുടങ്ങിയവ കൈറ്റിന്റെ ചുമതലയാണ്. മുഴുവന്‍ അധ്യാപകര്‍ക്കും വിഷയാധിഷ്ഠിത ഐടി പരിശീലനം, ഡിജിറ്റല്‍ വിഭവ പോര്‍ട്ടല്‍, കുട്ടികളുടെ ഐടി ക്ലബ്ബായ ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം/ലിറ്റില്‍ കൈറ്റ്‌സ് രൂപീകരണം തുടങ്ങിയ മുഴുവന്‍ ഐടി/ഐടി അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൈറ്റ് നല്‍കണം. സ്‌കൂളുകള്‍ ഏറ്റെടുത്ത് നടത്തേണ്ട ഉത്തരവാദിത്വങ്ങള്‍ ധാരണാപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ഹൈടെക് ക്ലാസ് മുറികള്‍ക്കാവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകള്‍ നടത്തണം. ഓരോ ക്ലാസ് മുറികളിലും സ്ഥാപിതമാകുന്ന ലാപ്ടോപ്പ്, പ്രൊജക്ടര്‍, ശബ്ദസംവിധാനം, ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഉള്ളടക്കം തുടങ്ങിയവ അധ്യാപകര്‍ ക്ലാസ്‌റൂം വിനിമയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് സ്‌കൂള്‍ അധികാരികള്‍ ഉറപ്പുവരുത്തണം. മുഴുവന്‍ അധ്യാപകര്‍ക്കും ഇതിനുള്ള പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം. ഓണ്‍ലൈന്‍ സ്റ്റോക്ക് രജിസ്റ്റര്‍, പരാതി കൃത്യമായി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം, സ്‌കൂളുകളിലെ ഐടി പശ്ചാത്തല സംവിധാനങ്ങള്‍, എല്‍.പി. തലം മുതല്‍ ഹയര്‍സെക്കന്ററിവരെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് പരസ്പരം പങ്കുവെയ്ക്കാനുള്ള സംവിധാനം തുടങ്ങിയവയും സ്‌കൂളുകള്‍ ഉറപ്പാക്കണം. സ്‌കൂളിലെ ഉപകരണങ്ങളുടെ മൊത്തത്തിലുള്ള ചുമതല പ്രഥമാധ്യാപകനും ലാബുകളുടെ ചുമതല ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കും ക്ലാസ് മുറികളുടെ ഐടി ചുമതല ക്ലാസ് ടീച്ചര്‍ക്കും ആയിരിക്കും. അക്കാദമികവും ഭരണപരവുമായ കാര്യങ്ങള്‍ക്കേ ഹൈടെക് ക്ലാസ്മുറിയിലെ ഉപകരണങ്ങള്‍ ഉപയോഗിക്കാവൂ. ലാബിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കണം. അധ്യാപകരുടെ അറിവോടെയോ സാന്നിധ്യത്തിലോ ആയിരിക്കണം വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റുപയോഗിക്കുന്നത്. പ്രൊപ്രൈറ്ററി/പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. 'സമഗ്ര' ഡിജിറ്റല്‍ വിഭവ പോര്‍ട്ടലിലെ വിഭവങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം പ്രാദേശികമായി വിഭവ നിര്‍മ്മാണത്തിനും സമാഹരണത്തിനും അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. കൃത്യമായ ഓഡിറ്റിംഗ് നടത്തും. സ്‌കൂളിലും ക്ലാസ്മുറികളിലും ഫലപ്രദമായി ഐടി ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത പക്ഷം അത് വിദ്യാഭ്യാസ വകുപ്പിന് തിരിച്ചെടുക്കാം. സമ്പൂര്‍ണ സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലില്‍ ഉള്‍പ്പെടെ വകുപ്പ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ അവയുടെ പൂര്‍ണ കൃത്യത പരിശോധിച്ച് ഉറപ്പാക്കി വേണം സ്‌കൂളുകള്‍ നല്‍കേണ്ടത്. സ്‌കൂളിനേയും കുട്ടികളേയും സംബന്ധിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം, സ്വകാര്യത എന്നിവ ഉറപ്പാക്കാനും ദുരുപയോഗം ഒഴിവാക്കാനും ആവശ്യമായ നടപടികളും സ്‌കൂളുകള്‍ സ്വീകരിക്കണം. ജനുവരി 22 മുതല്‍ എല്ലാ ജില്ലകളിലും ഹൈടെക് പദ്ധതിയുടെ ഉപകരണങ്ങളുടെ വിതരണം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളുകള്‍ ധാരണാപത്രത്തില്‍ ഒപ്പിടണം. ഇതിനുള്ള സംവിധാനം കൈറ്റിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ധാരണാപത്രം അടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് www.kite.kerala.gov.in ല്‍ ലഭ്യമാണ്.Dt.16.1.2018.
************************
അര്‍ബുദബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്കായി രൂപം നല്‍കിയ ബാലസാന്ത്വനം പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഭേദഗതികള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിനു കീഴില്‍ ചികിത്സയ്‌ക്കെത്തുന്ന കുട്ടികള്‍ക്കു പുറമേ, മലബാര്‍ കാന്‍സര്‍ സെന്റര്‍, വിവിധ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, അംഗീകൃത സഹകരണ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്‌ക്കെത്തുന്ന കുട്ടികള്‍ക്കും ഈ ചികിത്സാധനസഹായം അനുവദിക്കും. സമാശ്വാസധനസഹായം അയ്യായിരം രൂപയില്‍ നിന്ന് പതിനായിരം രൂപയായി ഉയര്‍ത്തി. ഈ പദ്ധതിയെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - ബാലസാന്ത്വനം എന്ന് പുനര്‍ നാമകരണം ചെയ്തു. പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് അനുവദിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ധനകാര്യ സെക്രട്ടറിയെ കണ്‍ട്രോളിംഗ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. Dt.13.1.2018.
************************
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുളള അന്തര്‍ സംസ്ഥാന സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ ജനുവരി 25 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ( ആറ് മാസത്തിനുളളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍) സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയും സഹിതമുളള അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കാണ് സമര്‍പ്പിക്കെണ്ടത്. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.education.kerala.gov.in)Dt.12.1.2018.
************************
സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്‍റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപന അധികൃതര്‍ക്ക് അധികാരമി ല്ലെന്ന് കമ്മീഷനംഗം ഷാഹിദാ കമാല്‍ ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിലാണ് ഈ നിര്‍ദേശം. മാനേജരുടെ നിര്‍ദേശം പാലിക്കാനാകാത്ത അധ്യാപികയ്ക്കെതിരെ നടപടകളിലേക്ക് കടന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് ആനിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും കമ്മീഷനോട് നടപടി അഭ്യര്‍ഥിച്ചിരുന്നു. പുരുഷ അധ്യാപകര്‍ക്കോ ഓഫീസ് ജീവനക്കാര്‍ക്കോ ഓവര്‍കോട്ട് ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. കമ്മീഷനംഗം സ്കൂളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. Dt.11.1.2018.
************************
കഴിഞ്ഞ മാര്‍ച്ചിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളെ പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ സ്വര്‍ണമെഡല്‍ സമ്മാനിച്ച് അനുമോദിക്കും. മണ്ണന്തല അംബേദ്കര്‍ ഭവനില്‍ ഇന്ന് (ജനുവരി 11) രാവിലെ 11ന് മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന അനുമോദന യോഗത്തില്‍ ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. Dt.10.1.2018.
************************
സംസ്ഥാനത്തെ സര്‍ക്കാര്‍, എം.പി-എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഐടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷന്‍, വില്പനാനന്തര സേവനവ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിക്കുന്നതാണ് ഉത്തരവ്. ലാപ്ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍, 3കെ.വി.എ യു.പി.എസ്, വൈറ്റ്‌ബോര്‍ഡ്, യു.എസ്.ബി സ്പീക്കര്‍, പ്രൊജക്ടര്‍ മൗണ്ടിംഗ് കിറ്റ് എന്നീ ഇനങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോര്‍ട്ടബിലിറ്റി, പവര്‍ബാക്ക്അപ്, വൈദ്യുതി ഉപയോഗം എന്നിവ പരിഗണിച്ച് ഇനി ലാപ്ടോപ്പുകളാണ് സ്‌കൂളുകളില്‍ വിന്യസിക്കേണ്ടത്. എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം. വിതരണക്കാര്‍ പ്രഥമാധ്യാപകനും ഐടി കോര്‍ഡിനേറ്റര്‍ക്കും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കേണ്ടതാണ്. വിതരണം ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ഇന്‍സ്റ്റലേഷന്‍ തീയതി, വാറണ്ടി പീരിയഡ്, സര്‍വ്വീസ് നടത്തേണ്ട സ്ഥാപനം/വ്യക്തിയുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാള്‍ സെന്റര്‍ നമ്പര്‍, വെബ് പോര്‍ട്ടല്‍ അഡ്രസ് എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണം. പരാതികള്‍ വിതരണക്കാര്‍ രണ്ടു ദിവസത്തിനകം അറ്റന്‍ഡു ചെയ്യേണ്ടതും, പരമാവധി അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിഹരിക്കേണ്ടതുമാണ്. അല്ലെങ്കില്‍ പ്രതിദിനം 100/ രൂപ നിരക്കില്‍ പിഴ ഈടാക്കും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി കൈറ്റ് ദേശീയ ടെണ്ടര്‍വഴി നടത്തിയ ബള്‍ക് പര്‍ച്ചേസിലെ വില വിവരങ്ങള്‍കൂടി പരിഗണിച്ച് പ്രൊഫ.ജി. ജയശങ്കര്‍ ചെയര്‍മാനും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് കണ്‍വീനറുമായ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതുക്കിയ ഉത്തരവിറക്കിയത്. ഡിജിറ്റല്‍ ഉള്ളടക്കം/ഡിജിറ്റല്‍ ലൈബ്രറി എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആര്‍.ടിയുടെ അംഗീകാരം ലഭിക്കണം. പ്രൊപ്രൈറ്ററി ആയതും ലൈസന്‍സ് നിബന്ധനകള്‍ ഉള്ളതുമായ സോഫ്റ്റ്വെയറുകള്‍ യാതൊരു കാരണവശാലും സ്‌കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപകരണങ്ങള്‍ സര്‍ക്കാര്‍ റേറ്റ് കോണ്‍ട്രാക്ട് ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ള കെല്‍ട്രോണ്‍വഴി നേരിട്ട് വാങ്ങാം. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കാത്ത ഉപകരണങ്ങള്‍ അത്യാവശ്യമെന്നു തോന്നുന്നപക്ഷം ഉപകരണമൊന്നിന് 15,000/ രൂപയില്‍ കവിയാതെയും മൊത്തം പ്രോജക്ട് തുക 50,000/ത്തില്‍ കവിയാതെയും വാങ്ങാം. ഹൈടെക്/സ്മാര്‍ട്ട് ക്ലാസ്‌റൂമിന് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റും ഉത്തരവില്‍ ഉണ്ട്. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ , ഇന്ററാക്ടിവ് വൈറ്റ് ബോര്‍ഡ് , സ്മാര്‍ട്ട് ടെലിവിഷന്‍ പോലുള്ളവ സ്‌കൂളുകളിലേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ കഴിയില്ല. സ്‌കൂളുകളിലും ഓഫീസുകളിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ നിര്‍ബന്ധമാക്കുകയും ഡിജിറ്റല്‍ ഉള്ളടക്കത്തിന് അക്കാദമിക് പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തു. ഈ ഉത്തരവനുസരിച്ചല്ലാത്ത പ്രൊപ്പോസലുകള്‍ ടി.എസ്.പി.കള്‍ ആയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ, വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളോ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്കായി പരിഗണിക്കാന്‍ പാടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ പ്രൊപ്പോസലുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സാങ്കേതിക അനുമതി ആവശ്യമില്ല. ഉത്തരവ് www.education.kerala.gov.in, www.kite.kerala.gov.in സൈറ്റുകളില്‍ ലഭ്യമാണ്. Dt.10.1.2018.
************************
2018 മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്. എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരമുണ്ട്. സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവയില്‍ നിന്നു തെരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ക്ലസ്റ്ററുകളില്‍ നിന്ന് കുട്ടിക്ക് ഒന്നുവീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ പഠനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.scertkerala.gov.in).Dt.9.1.2018.
************************
സര്‍ക്കാര്‍ സ്‌കൂള്‍/കോളേജുകളില്‍ പഠിക്കുന്ന 2017-18 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന് കല, സംഗീതം, പെര്‍ഫോമിംഗ് ആര്‍ട്‌സ് മേഖലയിലെ വ്യക്തിഗത പ്രതിഭകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ലളിതസംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടിനൃത്തം, കേരളനടനം, മോഹിനിയാട്ടം എന്നിവയില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ (പേര്, സ്ഥാപനം, അഡ്രസ്, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവി മുഖേന 15 ന് വെകിട്ട് അഞ്ച് മണിക്കകം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ എത്തിക്കണം. ഇതേ അധ്യയന വര്‍ഷത്തില്‍ കഥാരചന, കവിതാരചന, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) എന്നിവയില്‍ വ്യക്തിഗത പ്രതിഭ തെളിയിച്ചവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.Dt.9.1.2018.
************************
ഹയര്‍ സെക്കണ്ടറി രണ്ടാംവര്‍ഷ സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതിന് ഗള്‍ഫ് മേഖലയില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തവിധത്തില്‍ ഒരു പരീക്ഷാകേന്ദ്രം അനുവദിച്ച് പൊതു വിദ്യാഭ്യാസവകുപ്പ് ഉത്തരവായി. ഈ പരീക്ഷാകേന്ദ്രത്തിലേക്ക് പരീക്ഷാ നടത്തിപ്പിന് സര്‍ക്കാര്‍/ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതിനും അനുമതി നല്‍കി ഉത്തരവായി.Dt.8.1.2018.
************************
2017 ഡിസംബര്‍ 28, 30 തീയതികളില്‍ നടന്ന കെ.ടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷകളുടെ ഉത്തരസൂചികകള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് പരിശോധിക്കുന്നതിന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകള്‍ സംബന്ധിച്ച് പരീക്ഷാര്‍ത്ഥികള്‍ക്ക് പരീതികളുണ്ടെങ്കില്‍ രേഖകള്‍ സഹിതം ജനുവരി 17 ന് മുമ്പ് നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തില്‍ നല്‍കണം.Dt.8.1.2018.
************************
2013-2014, 2014-2015 അദ്ധ്യയന വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഫ്രഷ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 അദ്ധ്യയന വര്‍ഷത്തിലെ യഥാക്രമം മൂന്ന്, നാല് റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2016-17 അദ്ധ്യയന വര്‍ഷത്തില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയിരിക്കണം. ഹാര്‍ഡ് കോപ്പിയായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം 2016-17 അദ്ധ്യയന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം. ഡി.സി.ഇ സ്‌കോളര്‍ഷിപ്പ് സൈറ്റായ www.dcescholarship.kerala.gov.in ല്‍ നിന്നോ www.collegiate edu.kerala.gov.in ല്‍ നിന്നോ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടുത്തി സ്ഥാപന മേധാവിയുടെ ഒപ്പ്, സീല് എന്നിവയോടെ 31 നകം സമര്‍പ്പിക്കണം. ഫോണ്‍ : 0471-2306580, 9446096580, 9446780308. ഇ-മെയില്‍ Central sector scholarship @ gmail.com വിശദവിവരങ്ങള്‍ക്ക് : www.dcescholarship.kerala.gov.in Dt.8.1.2018.
************************
സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനുള്ള 2018-19 അദ്ധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. നാലില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണിവരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ മത്സര പരീക്ഷ നടത്തും. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്നവരും, വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രത്യേക ദുര്‍ബ്ബല ഗോത്ര വര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധിയില്ല. പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍ വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കി അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ജില്ലയിലെ ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ഫെബ്രുവരി അഞ്ചിനകം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. സംസ്ഥാന തലത്തില്‍ 200 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുക്കുന്നത്. മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പ് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെ എത്തിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും, പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനും അടക്കമുള്ള ധനസഹായം ലഭിക്കും. ഇവയ്ക്ക് പുറമേ 10 വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പെന്റും ലഭിക്കും. വിശദവിവരങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകള്‍/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. Dt.8.1.2018.
************************
സര്‍ക്കാര്‍ സ്‌കൂള്‍, അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുളള അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുളളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്‌കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയോടുകൂടി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ നല്‍കാം. അപേക്ഷയുടെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ് (www.education.kerala.gov.in).Dt.5.1.2018.
************************
2018 മാര്‍ച്ചില്‍ നടത്തുന്ന ഡി.എല്‍.ഇ.ഡി (ഹിന്ദി) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ (www.keralapareekshabhavan.in) ലഭ്യമാണ്.Dt.5.1.2018.
************************
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സിസ്റ്റം മാനേജര്‍ (55350-101400), പ്രോഗ്രാമിംഗ് ഓഫീസര്‍ (36600-79200), ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (36600 - 79200), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (39500 - 83000), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (20000 - 45800), അറ്റന്റര്‍ (19000 - 43600) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിംഗ് ഓഫീസറുടെ രണ്ട് ഒഴിവുകളുണ്ട്. മറ്റ് തസ്തികകളില്‍ ഒരൊഴിവ് വീതം. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നിരാക്ഷേപപത്രം ഉള്‍പ്പെടെ കേരള സര്‍വീസ് റൂള്‍സ് 144 അനുസരിച്ചുള്ള പ്രൊഫോര്‍മ സഹിതം ജനുവരി 10 ന് മുമ്പ് പ്രവേശന പരീക്ഷാകമ്മീഷണറുടെ കാര്യാലയം, ശാന്തിനഗര്‍, തിരുവനന്തപുരം - 01 എന്ന വിലാസത്തില്‍ ലഭിക്കത്തക്കവിധം അയക്കണം. പ്രവേശനപരീക്ഷാ കമ്മീഷണര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും ഡെപ്യൂട്ടേഷന്‍ നിയമന നടപടികള്‍ സ്വീകരിക്കുക. വിവരങ്ങള്‍ക്ക് www.cee.kerala.org.Dt.5.1.2018.
************************
റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അതത് ഡി.ഡി.ഒ പരിശോധിച്ച് ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കി നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് സര്‍ക്കുലര്‍ വഴി നിര്‍ദേശിച്ചിരുന്നു. 2017 ഡിസംബര്‍ 31നുശേഷവും അനര്‍ഹര്‍ ഉള്‍പ്പെട്ടതായി പരാതി ലഭിച്ചാല്‍ ആ ഉദ്യോഗസ്ഥര്‍ക്കും ബന്ധപ്പെട്ട ഡി.ഡി.ഒയ്ക്കും എതിരെയായിരിക്കും കര്‍ശന നടപടി.Dt.3.1.2018.
************************
2017-2018 അദ്ധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ ഒന്‍പതുവരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി 16 ന് ആരംഭിച്ച് 23 ന് അവസാനിക്കും. വിശദ ടൈംടേബിള്‍ www.dhsekerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്.Dt.3.1.2018.
************************
മാര്‍ച്ചില്‍ നടത്തുന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പ്രൈവറ്റ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്:www.keralapareekshabhavan.in.Dt.3.1.2018.
************************
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്‌കീമിന്റെ സ്‌ക്രീനിംഗ് ടെസ്റ്റ് 2018 ജനുവരി ഏഴിന് വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തും. ഇതിനകം ഹാള്‍ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ 0471-2306024, 2306025 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. വെബ്‌സൈറ്റ് ; www.kstmuseum.com Dt.3.1.2018.
************************
2017 ഒക്ടോബര്‍ മാസം നടത്തിയ പത്താംതരം തുല്യതാ പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ ആദ്യമായി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്കായി നടത്തുന്ന സേവ് എ ഇയര്‍ (SAY) പരീക്ഷയുടെ ഫീസ് ജനുവരി മൂന്നു മുതല്‍ എട്ട് വരെ അടയ്ക്കാം. ജനുവരി 23 മുതല്‍ 30 വരെയാണ് പരീക്ഷ. Dt.1.1.2018.
************************
കൈകള്‍ക്ക് സ്വാധീനമില്ലാത്തതും മസ്തിഷ്‌ക സംബന്ധമായ വൈകല്യമുള്ളവര്‍ക്കും കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷകള്‍ക്ക് സ്‌ക്രൈബിന്റെ സേവനവും ഓരോ മണിക്കൂറിനും 20 മിനിറ്റ് അധിക സമയവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 40 ശതമാനമോ അധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് പരീക്ഷാര്‍ത്ഥികളുടെ അപേക്ഷയുടെയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ സ്‌ക്രൈബായി നിയോഗിക്കാം.Dt.29.12.2017.
************************
ജനുവരി 22 മുതല്‍ 25 വരെ കണ്ണൂരില്‍ നടക്കുന്ന 63-ാമത് ദേശീയ സ്‌കൂള്‍ തായ്ക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പിനായി ലോഗോ ക്ഷണിച്ചു. ലോഗോ സി.ഡി സഹിതം ജനുവരി ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം.Dt.28.12.2017.
************************
2018 മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി നാലുവരെയും 20 രൂപ പിഴയോടെ 11 വരെയും ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് പിഴകൂടാതെ 11 വരെയും 20 രൂപ പിഴയോടെ 18 വരെയും ഫീസടയ്ക്കാം. അപേക്ഷാഫോമുകള്‍ ഹയര്‍ സെക്കന്ററി പോര്‍ട്ടലിലും, എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ലഭിക്കും. ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. Dt.28.12.2017.
************************
സ്‌കൂള്‍തലത്തില്‍ നടപ്പിലാക്കിവരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകരിക്കാനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രീ-പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള സ്ഥാപനങ്ങള്‍ക്കും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവര്‍ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, അക്കാദമിക മികവ്, വിലയിരുത്തല്‍ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആര്‍.ടി അന്വേഷിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം വിശദമായ ഡോക്യുമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്തും. വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന (ചിത്രങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ) നോമിനേഷനുകള്‍ ജനുവരി 10 നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., പൂജപ്പുര, തിരുവനന്തപുരം - 695 012 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്കും നോമിനേഷന്‍ സമര്‍പ്പിക്കാം. നോമിനേഷനുകള്‍ scertresearch@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.Dt.22.12.2017.
************************
2018 -19 അധ്യയന വര്‍ഷത്തേക്കുളള പ്ലസ്‌വണ്‍, പ്ലസ്ടു പാഠപുസ്തകങ്ങള്‍ക്കുളള ഓണ്‍ലൈന്‍ ഇന്‍ന്റിംഗ് ആരംഭിച്ചു. പുസ്തകത്തിനുളള ഓര്‍ഡര്‍ www.dhseonline.in എന്ന പോര്‍ട്ടലിലൂടെ ഡിസംബര്‍ 23ന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.Dt.22.12.2017.
************************
എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള എ ലിസ്റ്റ് തയ്യാറാക്കുന്നതിന് സ്‌കൂളുകള്‍ക്ക് 28 വരെ സമ്പൂര്‍ണ പോര്‍ട്ടലില്‍ പത്താം ക്ലാസിലെ കുട്ടികളുടെ വിവരങ്ങളില്‍ മാറ്റം വരുത്താം 29 മുതല്‍ ഒരു മാസത്തേക്ക് സമ്പൂര്‍ണയില്‍ സ്റ്റുഡന്റ് അഡ്മിഷന്‍ ഫോം ലഭിക്കില്ല.Dt.22.12.2017.
************************
സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വഖ്ഫ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുളള എല്‍.പി., യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയുടെ പേരും വിലാസവും ഫോണ്‍ നമ്പറും, ഇ- മെയില്‍ ഐ.ഡിയും സഹിതം എയ്ഡഡ്, അണ്‍ എയ്ഡഡ് വിവരങ്ങള്‍ ഉള്‍പ്പെടെ ഡിവിഷണല്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, ആര്‍ട്ട്‌ലീ കംഫര്‍ട്ട്, നളന്ദ റോഡ്, പി.എം.ജി, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ 30നകം അയക്കണമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.Dt.22.12.2017.
************************
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2018 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ ഫീസടയ്ക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു. പരീക്ഷാ ഫീസ് ഫൈന്‍ ഇല്ലാതെ ജനുവരി അഞ്ചുവരെയും 20 രൂപ ഫൈന്‍ സഹിതം 11 വരെയും അടയ്ക്കാം. കൂടാതെ 600 രൂപ സൂപ്പര്‍ ഫൈനോടുകൂടിയുള്ള അവസാന തീയതി ജനുവരി 18. അപേക്ഷാ ഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും.Dt.21.12.2017.
************************
2018 -19 അധ്യയന വര്‍ഷത്തേക്കുളള പ്ലസ്‌വണ്‍, പ്ലസ്ടു പാഠപുസ്തകങ്ങള്‍ക്കുളള ഓണ്‍ലൈന്‍ ഇന്‍ന്റിംഗ് ആരംഭിച്ചു. പുസ്തകത്തിനുളള ഓര്‍ഡര്‍ www.dhseonline.in എന്ന പോര്‍ട്ടലിലൂടെ ഡിസംബര്‍ 23ന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.Dt.21.12.2017.
************************
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ശാരീരികാവശതയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് വകുപ്പ് മേധാവികളും ഓഫീസ് തലവന്‍മാരും നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി.Dt.20.12.2017.
************************
2018 -19 അധ്യയന വര്‍ഷത്തേക്കുളള പ്ലസ്‌വണ്‍, പ്ലസ്ടു പാഠപുസ്തകങ്ങള്‍ക്കുളള ഓണ്‍ലൈന്‍ ഇന്‍ന്റിംഗ് ആരംഭിച്ചു. പുസ്തകത്തിനുളള ഓര്‍ഡര്‍ www.dhseonline.in എന്ന പോര്‍ട്ടലിലൂടെ ഡിസംബര്‍ 23ന് വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.Dt.20.12.2017.
************************
ഓഖി ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് തുക സ്വരൂപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന്റെ അധ്യക്ഷതയില്‍ വിവിധ സര്‍വീസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ജീവനക്കാര്‍ക്ക് രണ്ടുദിവസത്തെ ശമ്പളമോ, നിശ്ചിത ദിവസത്തെ ശമ്പളമോ, നിശ്ചിത തുകയോ സംഭാവനയായി നല്‍കാം.തുക സ്വരൂപിക്കുന്നതിനുള്ള ക്രമീകരണം ശമ്പള സോഫ്ട്‌വെയറായ സ്പാര്‍ക്കില്‍ ഒരുക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന ഫണ്ട് പ്രത്യേക ട്രഷറി സേവിംഗ്‌സ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കും. Dt.20.12.2017.
************************
ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും മറ്റ് ദുരിത ബാധിതര്‍ക്കും കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്നും രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സംബന്ധിച്ച നടപടിയില്‍ വ്യക്തത വരുത്തുന്നതിന് സംസ്ഥാന ജീവനക്കാരുടെ അംഗീകൃത സംഘടനാ പ്രതിനിധികളുടെ യോഗം 20 ന് വൈകുന്നേരം അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ അംഗീകൃത സംഘടനകളുടെ രണ്ടു വീതം പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചു.Dt.18.12.2017.
************************
തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടേയും പൂച്ചെടികളുടേയും പേരുകള്‍ നല്‍കും. സ്‌കൂള്‍ കലോത്സവം പൂര്‍ണമായും ഹരിതനയം പാലിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ (കമലാസുരയ്യ) സ്മരണ ഉണര്‍ത്തുന്ന നീര്‍മാതളം എന്നാണ് മുഖ്യവേദിയുടെ പേര്. സന്ധ്യക്ക് ശേഷം സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് നിശാഗന്ധി യെന്നാണ്. പാചകശാലയ്ക്ക് തൃശ്ശൂരിന്റെ നെല്ലിനമായ പൊന്നാര്യന്‍ എന്നും ഭോജനശാലയ്ക്ക് സര്‍വസുഗന്ധി എന്നും പേരിട്ടു. ഗ്രീന്‍പ്രോട്ടോകോള്‍ കമ്മിറ്റി ഓഫീസിന്റെ പേര് തുളസിയെന്നാണ്. നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണ് മറ്റുള്ള 22 വേദികളുടെ പേരുകള്‍. മുഖ്യവേദിയായ നീര്‍മാതളത്തിന് പുറമേ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന നിശാഗന്ധിയും നൃത്തപരിപാടികള്‍ക്കായുള്ള നീലക്കുറിഞ്ഞിയും തേക്കിന്‍കാട് മൈതാനത്താണ് ഒരുക്കിയിരിക്കുന്നത്. 2018 ജനുവരി ആറു മുതല്‍ 10 വരെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം. വേദികളുടെ പേരുകളോടൊപ്പം അതാത് മരങ്ങളുടേയും ചെടികളുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തിലെ നദികളുടേയും പുഴകളുടേയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയത്.Dt.18.12.2017.
************************
സംസ്ഥാന ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി വരിക്കാരുടെ മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ ശേഖരിച്ച് വിശ്വസ് സോഫ്ട്‌വെയര്‍ ഡാറ്റാ ബേസിന്റെ ഭാഗമാക്കുന്നതിനുളള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. ഈ സമയപരിധിക്കുളളില്‍ ഡേറ്റാ എന്‍ട്രി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ വകുപ്പ് ഡി.ഡി.ഒമാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അറിയിച്ചു.Dt.16.12.2017.
************************
ഓഖി ചുഴലിക്കാറ്റിനാല്‍ ദുരിത ബാധിതരായവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.സംഭാവന നല്‍കാന്‍ താത്പര്യമുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍നിന്നും രണ്ട് ദിവസത്തെ വേതനം അവരുടെ സമ്മതപത്രപ്രകാരം കുറവുചെയ്യാനും ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിനും ബന്ധപ്പെട്ട ഡിഡിഒ മാരെ അധികാരപ്പെടുത്തണമെന്ന് എല്ലാ വകുപ്പധ്യക്ഷന്മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.Dt.16.12.2017.
************************
ഫെബ്രുവരി മൂന്നിന് നടത്തുന്ന എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.Dt.15.12.2017.
************************
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ., ഐ.സി.എസ്.സി, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള കായിക താരങ്ങളെ പങ്കെടുപ്പിച്ച് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് മീറ്റ് നടത്തും. കേന്ദ്രീയ സിലബസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും പ്രാധാന്യമുള്ള കായിക ഇനങ്ങളില്‍ മാത്രം മത്സരം നടത്താനാണ് തീരുമാനം. ആദ്യ സംരംഭം എന്ന നിലയില്‍ ഇപ്പോള്‍ അത്‌ലറ്റിക്‌സില്‍ മാത്രം മത്സരങ്ങള്‍ സംഘടിപ്പിക്കും. അടുത്ത തവണ വിപുലമായി കായിക ഇനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് മത്സരങ്ങള്‍ നടത്തും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ അണ്ടര്‍ 14 നും അണ്ടര്‍ 17 നും (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) ആയി രണ്ടു വിഭാഗമായി സംഘടിപ്പിക്കും.100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 1,500 മീറ്റര്‍, 3,000 മീറ്റര്‍, ഷോട്ട്പുട്ട്, ലോംഗ്ജമ്പ്, ഹൈജമ്പ്, 4x400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. സംസ്ഥാന മത്സരങ്ങള്‍ ജനുവരി 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തും. ജനുവരി 20 ന് മുമ്പ് ജില്ലാതല മത്സരങ്ങള്‍ കഴിഞ്ഞിരിക്കണം. ജില്ലയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കേ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാനാകൂ.Dt.15.12.2017.
************************

************************

 

Ranjith Kumar A.K